തിരുവനന്തപുരം : കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന കേന്ദ്ര സര്‍ക്കാര്‍ വിചാരിച്ചാലും, സി.പി.എം നേതൃത്വം നല്കുന്ന സംസ്ഥാന സര്‍ക്കാര്‍ വിചാരിച്ചാലും നിയമവിരുദ്ധമായി നടത്തുന്ന അന്യസംസ്ഥാന ലോട്ടറികള്‍ നിരോധിക്കാനാവും. കേന്ദ്രമാണോ സംസ്ഥാനമാണോ അന്യസംസ്ഥാന ലോട്ടറികളെ തടയേണ്ടതെന്ന തര്‍ക്കം പരസ്പരം പഴിചാരി നടപടി ഒഴിവാക്കാനാണെന്നാണ് നിഗമനം.
അന്യസംസ്ഥാന ലോട്ടറികള്‍ നിരോധിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് 1998ലെ ലോട്ടറീസ് റഗുലേഷന് ആക്ടില്‍ വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍, ഇതേ നിയമംതന്നെ നിയമവിരുദ്ധമായി ലോട്ടറി നടത്തുന്നതും വില്‍ക്കുന്നതും വാങ്ങുന്നതും ജാമ്യമില്ലാത്ത ക്രിമിനല്‍ കുറ്റമായി കണ്ട് നടപടി എടുക്കുന്നതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കും നല്‍കിയിട്ടുണ്ട്.
കേന്ദ്ര ലോട്ടറിനിയമപ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കേ ലോട്ടറി നടത്താന്‍ അധികാരമുള്ളൂ. അതുതന്നെ ചില നിബന്ധനകള്‍ക്ക് വിധേയമാണെന്ന് ഈ നിയമത്തിലെ നാലാം വകുപ്പില്‍ വിശദീകരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍തന്നെ ലോട്ടറി ടിക്കറ്റുകള്‍ അച്ചടിക്കണം, നറുക്കെടുപ്പ് സംസ്ഥാന സര്‍ക്കാരുകള്‍ നേരിട്ട് അതത് സംസ്ഥാനത്തുവച്ചുതന്നെ നടത്തണം, ടിക്കറ്റുകളുടെ വിറ്റുവരവ് അതത് ദിവസം സംസ്ഥാന ഖജനാവില്‍(ട്രഷറി) അടയ്ക്കണം, സമ്മാനം നല്‍കേണ്ടത് ഖജനാവില്‍നിന്നാവണം, ഒറ്റ നമ്പര്‍ ലോട്ടറി പാടില്ല എന്നിവ ആ നിബന്ധനകളില്‍ ഉള്‍പ്പെടുന്നു.
ഏതെങ്കിലും ഒരു സംസ്ഥാനത്തിന് വേണമെങ്കില്‍ മറ്റ് സംസ്ഥാനങ്ങളുടെ ലോട്ടറികള്‍ നിരോധിക്കാമെന്ന് അഞ്ചാം വകുപ്പില്‍ പറയുന്നുണ്ട്. എന്നാല്‍, സ്വന്തം ലോട്ടറി നടത്തുന്നവര്‍ക്ക് മറ്റ് സംസ്ഥാന ലോട്ടറികള്‍ നിരോധിക്കാനാവില്ല എന്ന് ഒരു കേസില്‍ സുപ്രീംകോടതി വിധിച്ചതോടെ ആ വകുപ്പ് പ്രയോഗിക്കാനാവാതായി.
നാലാം വകുപ്പിലെ നിബന്ധനകള്‍ ഏതെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ലോട്ടറികള്‍ പാലിക്കുന്നില്ലെന്ന് കണ്ടാല്‍ ആറാം വകുപ്പ് പ്രകാരം അവയെ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ട്.
ഈ നിയമത്തിലെ എട്ടാം വകുപ്പിലാണ് നിയമവിരുദ്ധ ലോട്ടറി നടത്തുന്നതോ വില്‍ക്കുന്നതോ വാങ്ങുന്നതോ ജാമ്യമില്ലാത്ത ക്രിമിനല്‍ കുറ്റമെന്ന നിലയില്‍ നടപടി എടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുന്നത്. ഈ നിയമപ്രകാരം എടുത്ത കേസില്‍ തുടര്‍നടപടി സ്വീകരിക്കില്ലെന്ന് യു.ഡി.എഫ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ആ കേസില്‍ വിധിപറഞ്ഞപ്പോള്‍ നിയമവിരുദ്ധമായി ലോട്ടറി ടിക്കറ്റുകള്‍ വിതരണം ചെയ്യുന്നവരെ കേസെടുത്ത് അറസ്റ്റുചെയ്യാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അധികാരം സുപ്രീംകോടതിയും അംഗീകരിക്കുകയുണ്ടായി. കഴിഞ്ഞ നവംബറിലായിരുന്നു ഈ വിധി.
Thursday, August 19, 2010
അന്യസംസ്ഥാന ലോട്ടറി: നിരോധിക്കണമെങ്കില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും അതാവാം
Wednesday, August 18, 2010
ചില ഭാഷാ പ്രയോഗങ്ങളുടെ കൂട്ടപ്പൊരിച്ചില്‍
Friday, July 30, 2010
Manorama
പോറല്‍ വീണ ഗ്രാമഫോണ്‍ റെക്കോര്‍ഡില്‍നിന്നുയരുന്ന പാട്ടുപോലെയാണു ലോട്ടറി പ്രശ്നം സഭയില്‍ നിറഞ്ഞത്. മന്ത്രി തോമസ് ഐസക്കും പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും വി.ഡി. സതീശനും ആര്യാടന് മുഹമ്മദുമെല്ലാം ഒരേ കാര്യംതന്നെ ഉരുക്കഴിച്ചു. ആരും സ്വന്തം നിലപാടില്‍നിന്ന് ഒരിഞ്ചു പിന്നോട്ടു പോയില്ല; ഒരിഞ്ചു മുന്നോട്ടും. എല്ലാ കുറ്റങ്ങളും കേന്ദ്രത്തില്‍ ചാര്‍ത്തി മന്ത്രിയും സംസ്ഥാന സര്‍ക്കാരില്‍ അഴിമതിയുടെ ചെളി പുരട്ടി പ്രതിപക്ഷവും കൃതാര്‍ഥരായി. സതീശനും ഐസക്കിനും ഒരു ’അക്കാദമിക് ഡിസ്കഷന് നടത്താന്‍ കഴിഞ്ഞെന്ന ബോണസും കിട്ടി.
ശൂന്യവേള കഴിഞ്ഞപ്പോള്‍ത്തന്നെ ഐസക്കും ഉമ്മന്‍ ചാണ്ടിയും ഇടഞ്ഞു. ലോട്ടറി ഇടപാടില്‍ അന്വേഷണം നടത്തില്ലെന്നു സഭയില്‍ പറഞ്ഞ ശേഷം മുന്‍കൂര്‍ നികുതി വാങ്ങിയതില്‍ ചട്ടലംഘനമുണ്ടോ എന്നു വകുപ്പുതല അന്വേഷണം നടത്തുമെന്നു മന്ത്രി പുറത്തു പറഞ്ഞത് ഏതു സാഹചര്യത്തിലാണെന്ന് ഉമ്മന്‍ ചാണ്ടി ആരാഞ്ഞു. കൊണ്ടും കൊടുത്തും ഇരുവരും മുന്നേറുമ്പോള്‍ ഫയല്‍ കയ്യില്‍വച്ചു നുണ പറയുന്നതു നിര്‍ഭാഗ്യകരമാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. പ്രകോപിതനായ ഐസക്കിന്റെ പ്രതികരണം അല്പം കടുത്തുപോയി. പ്രതിപക്ഷ നേതാവ് ’തറ പ്രവര്‍ത്തനം നടത്തരുതെന്നായിരുന്നു അത്. ’തറ രേഖയില്‍നിന്നു നീക്കണമെന്നാവശ്യപ്പെട്ടു പതിപക്ഷം നടുത്തളത്തിലിറങ്ങി. താന്‍ പറഞ്ഞതില്‍ ഒരു വാചകം പിന്‍വലിക്കില്ലെന്നായി ഐസക്. ഒാരോരുത്തരും അവര്‍ക്കു യോജിച്ച ഭാഷ ഉപയോഗിക്കുമെന്നും ’തറ രേഖയില്‍ കിടന്നോട്ടെയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞെങ്കിലും സ്പീക്കര്‍ തറയെ നിഷ്കരുണം രേഖയില്‍നിന്നു നീക്കി.
തറ പ്രവര്‍ത്തനം നടത്തിയാല്‍ പിന്നെ പറ പ്രവര്‍ത്തനം എന്നു പറയാന്‍ പറ്റുമോ എന്നാണു കെ.ടി. ജലീലിന്റെ സംശയം. അട്ടപ്പാടിയില്‍ ആദിവാസികളുടെ ഭൂമി തട്ടിച്ചതു മന്ത്രി എ.കെ. ബാലന് അറിഞ്ഞില്ലെന്നു പറഞ്ഞാല്‍ ’സംതിങ് ഈസ് റോട്ടന്‍ ഇന്‍ ദ് സ്റ്റേറ്റ് ഒാഫ് ഡെന്മാര്ക്ക് എന്നേ കെ. ശിവദാസന്‍ നായര്‍ക്കു പറയാനുള്ളൂ. അറേബ്യയിലെ മുഴുവന്‍ സുഗന്ധദ്രവ്യങ്ങളും വ്യവസായ മന്ത്രിയുടെ സുഗന്ധ സോപ്പും പ്രയോഗിച്ചാലും സര്‍ക്കാരിന്റെ നാറ്റം പോവില്ലെന്നും അദ്ദേഹം പറഞ്ഞു. സഖാക്കന്മാരുടെ കൂലിത്തല്ലുകാരനായിരുന്നു താനെന്നു പി.സി. ജോര്‍ജ് കുമ്പസാരിച്ചപ്പോള്‍ ഇപ്പോള്‍ എന്‍ഡിഎഫിന്റെയും എസ്ഡിപിഐയുടെയും കൂലിത്തല്ലുകാരനായി മാറിയെന്നു വി.എസ്. സുനില്‍കുമാര്‍ തിരിച്ചടിച്ചു. ലൌ ജിഹാദ് എന്ന പ്രയോഗം കെ.പി. മോഹനനു പിടിക്കുന്നില്ല. ലൌ നൈമിഷ വികാരമാണെന്നും ജിഹാദ് എന്നാല്‍ അധ്വാനം എന്നാണ് അര്‍ഥമെന്നും അദ്ദേഹം വ്യവച്ഛേദിച്ചു. പക്ഷേ ഇക്കാര്യത്തില്‍ മോഹനനു വലിയ പരിചയമില്ലെന്നായിരുന്നു സഭയുടെ പൊതുവികാരം.
ചിദംബരം 100 കോടി വാങ്ങി, വി.ഡി. സതീശന് 10 കോടി വാങ്ങി...സി.എച്ച്. കുഞ്ഞമ്പു ആരോപണമുന്നയിച്ചതു കൊട്ടത്താപ്പിനാണ്. പി.സി. തോമസിന്റെ പഴയ പാര്‍ട്ടിയുടെ കമ്മിറ്റി ചേര്ന്നിരുന്നതു തിഹാര്‍ ജയിലില്‍ ആയിരുന്നെന്നു പി.സി. വിഷ്ണുനാഥ് പരിഹസിച്ചു. സാധ്യതകളുടെ കലയായ രാഷ്ട്രീയത്തില്‍ തോമസിന്റെ സാധ്യത കണ്ടെത്തിയതു പിണറായി വിജയനാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെതിരെ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും രക്ഷയില്ലെന്നു കണ്ട പ്രതിപക്ഷം മുറിച്ചുരികയുമായി രംഗത്തിറങ്ങിയിരിക്കുകയാണെന്നു ബാബു എം. പാലിശേരി വിലയിരുത്തി. നാലു കൊല്ലമായിട്ടും മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണം വന്നില്ലെന്നു ഭരണപക്ഷത്തുനിന്നു പറഞ്ഞതാണ് അഴിമതി ആരോപണം ഉന്നയിക്കാന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിച്ചതെന്നായി മാത്യു ടി. തോമസ്.
മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആര്യാടന് മുഹമ്മദ് ഒരിക്കലും ആവശ്യപ്പെടില്ല. കാരണം അദ്ദേഹം ആ സ്ഥാനത്തിരിക്കുന്നതാണത്രേ യുഡിഎഫിനു നല്ലത്. എന്നാല്‍ വി.എസ്. ഒരു കാര്യം ചെയ്യണമെന്ന് ആര്യാടന് ആഗ്രഹമുണ്ട് - തോമസ് ഐസക്കിനെ മന്ത്രിസഭയില്‍നിന്നു സാക്ക് ചെയ്യണം.
അല്പം കടന്ന ആഗ്രഹംതന്നെ. ആര്യാടന് ആശയടക്കി പുണ്യം നേടേണ്ടി വരുമെന്നു തീര്‍ച്ച.
ഇന്നത്തെ വാചകം
സഖാക്കന്മാര്ക്കു വേണ്ടി 17 വര്‍ഷം കൂലിത്തല്ലു നടത്തിയതാണു ഞാന്‍. അതുകൊണ്ട് ഒരു കാര്യവുമില്ലെന്ന് ഇപ്പോഴാണു മനസ്സിലായത്. ജലീലിനു രണ്ടു കൊല്ലം കഴിയുമ്പോള്‍ അതു പിടികിട്ടും.
- പി.സി. ജോര്‍ജ്
മന്ത്രിക്ക് 25 കോടി, പാര്‍ട്ടിക്ക് 100 കോടി
ദീപിക
പ്രത്യേക ലേഖകന്‍
തിരുവനന്തപുരം: അനധികൃത ലോട്ടറികള്‍ക്ക് അനുമതി നല്‍കിയതില്‍ ധനമന്ത്രി തോമസ് ഐസക്ക് 25 കോടിയുടെ അഴിമതി നടത്തിയെന്നും ഇതിലൂടെ സിപിഎമ്മിനും കൈരളി ചാന ലിനും നൂറുകോടിക്കും നൂറ്റമ്പതു കോടിക്കും ഇടയില്‍ അനധികൃത വരുമാനമുണ്ടായെന്നും വി.ഡി. സതീശന് നിയമസഭയില്‍ ആരോപിച്ചു. സ്പീക്കര്‍ക്ക് മുന്‍കൂട്ടി എഴുതിക്കൊടുത്തശേഷമാണ് അഴിമതി ആരോപണം ഉന്നയിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും സതീശന് ആവശ്യപ്പെട്ടു.
സതീശന്റെ ആരോപണങ്ങള്‍ക്കു തൃപ്തികരമായ മറുപടിന ല്കാന് ധനമന്ത്രി തയാറായില്ലെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. ലോട്ടറിമാഫിയയെ സര്‍ക്കാര്‍ സഹായിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. അനുമതി നല്കാതിരിക്കാന് സംസ്ഥാന സര്‍ക്കാരിനു കഴിയാത്തതുകൊണ്ടാണ് ലോട്ടറിക്ക് അനുമതി നല്‍കിയതെന്നു വാദിച്ച മന്ത്രി ഐസക്ക് ഇതേക്കുറിച്ച് അന്വേഷണം ആവശ്യമില്ലെന്നു പറഞ്ഞു.
ലോട്ടറി ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നു പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി യും ആവശ്യപ്പെട്ടു. കേരളത്തില്‍ അബ്കാരി മാഫിയയെക്കാള്‍ ശക്തമാണ് ലോട്ടറി മാഫിയയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ദിവസം 40 കോടി രൂപയുടെ വ്യാജലോട്ടറികളാണ് കേരളത്തില്‍ വില്‍ക്കുന്നതെന്ന് സതീശന് പറഞ്ഞു. പാവപ്പെട്ടവര്‍ കബളിപ്പിക്കപ്പെടുന്നു. ഒരു വര്‍ഷം 14,600 കോടി രൂപയാണ് ഇങ്ങനെ കൊണ്ടുപോകുന്നത്. സിക്കിമിന്റെയും ഭൂട്ടാന്റെ യും പേരിലൊക്കെ കേരളത്തില്‍ വില്‍ക്കപ്പെടുന്നത് വ്യാജ ലോട്ടറികളാണ്.
വ്യാജ ലോട്ടറികള്‍ക്കെതിരേ നടപടി എടുക്കുമെന്നുപറഞ്ഞ് അധികാരത്തിലേറിയവര്‍ അവരു ടെ സഹായികളായിരിക്കുകയാണ്. സതീശന് ആരോപിച്ചു. വ്യാജ ലോട്ടറിയെക്കുറിച്ചു സിബി മാത്യൂസ് നടത്തിയ അന്വേഷണത്തെ ത്തുടര്‍ന്നു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇവ നിരോധിക്കണമെന്നും ഇവരോട് മുന്‍കൂറായി നികുതി വാങ്ങരുതെന്നും നിര്‍ദേശിച്ചിരു ന്നു. ഒരു ദിവസം 22.5 കോടി രൂപ ഇവര്‍ കേരളത്തില്‍നിന്നു ചോര്‍ത്തുന്നതായി റിപ്പോര്‍ട്ടിലുണ്ട്.
ഇതനുസരിച്ചു നടപടി എടുക്കാന്‍ മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ യോഗം ധനമന്ത്രി പാര്‍ട്ടിയിലെ സ്വാധീനം ഉപയോഗിച്ചു മാറ്റി. ഇവര്‍ക്കെതിരായ കേസ് വാദിക്കാന്‍ നേരത്തെ ഇവരുടെ അഭിഭാഷകനായിരുന്ന അശോകനെത്തന്നെ നിയമിച്ചു. സിബി മാത്യൂസിന്റെ അന്വേഷണറിപ്പോര്‍ട്ട് കോടതിയില്‍ കൊടുത്തില്ല. കോടതിയില്‍ കേസ് തോറ്റു. ഈ മാസം മൂന്നിന് രണ്ടു ലോട്ടറികള്‍ക്കുകൂടി അനുമതിയും നല്കി. 26 നറുക്കെടുപ്പുകള്‍ക്കാണ് അനുമതി. മൂന്നിന് അനുമതി കൊടുത്ത ലോട്ടറിക്കുള്ള നികുതി ഒന്നിനു തന്നെ മുന്‍കൂറായി വാങ്ങി.
ഈ ടിക്കറ്റുകളുടെ നറുക്കെടുപ്പ് ലൈവായി ടെലികാസ്റ് ചെയ്യുന്ന മൂന്നു ചാനലുകളില്‍ ഒന്നു കൈരളിയാണെന്ന് സതീശന് പറഞ്ഞു. ലോട്ടറിമാഫിയയ്ക്കു വേ ണ്ട ഒത്താശ ചെയ്തു കൊടുത്തതുകൊണ്ടാണ് സര്‍ക്കാര്‍ അന്വേഷണത്തെ ഭയപ്പെടുന്നതെന്ന് നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോകുന്നതിനുമുമ്പ് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സ് എന്ന സ്ഥാപനം ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ അളിയന് ജോണ്‍ എഫ്. കെന്നഡിയുമായി ബന്ധമുള്ളതാണ്. മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സിന് ഇത്രയധികം ആനുകൂല്യ ങ്ങള് ചെയ്തു കൊടുത്തത് എന്തിനാണെന്ന സംശയം ദുരീകരിക്കാന്‍ പോലും ധനമന്ത്രി തയാറല്ല.
വ്യക്തമായ അഴിമതി ആരോപണം എഴുതിക്കൊടുത്തിട്ടും അതേക്കുറിച്ച് അന്വേഷിക്കാന്‍ തയാറാകാത്തതില്‍ ദുരൂഹതയുണ്ട്. ഒരു വര്‍ഷം 14,000 കോടി രൂപയുടെ കവര്‍ച്ചയാണ് ലോട്ടറിമാഫിയ സംസ്ഥാനത്തു നടത്തുന്നത്. ഇവരെ നിലയ്ക്കു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. ഇതേക്കുറിച്ച് നിയമസഭാ സമതി യോ ജുഡീഷ്യല്‍ അന്വേഷണമോ നടത്തണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
ലോട്ടറി വിവാദം കത്തുന്നു
Friday, July 30, 2010
മനോരമ
തിരുവനന്തപുരം: മന്ത്രി തോമസ് ഐസക്ക് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിക്കു നേരെ തൊടുത്തുവിട്ട ’തറ പ്രയോഗവും പി. ജയരാജന്റെ പേരു വിളിച്ച് ’നിങ്ങളൊക്കെയാണു ലോട്ടറിക്കാരില്‍ നിന്നു കാശുവാങ്ങിയതെന്ന വി.ഡി. സതീശന്റെ ആരോപണവും നിയമസഭയില്‍ ഒച്ചപ്പാടിന് ഇടയാക്കി. രണ്ടു പ്രയോഗവും രേഖയില്‍ നിന്നു നീക്കം ചെയ്യുമെന്ന സ്പീക്കര്‍ കെ. രാധാകൃഷ്ണന്റെ റൂളിങ്ങോടെയാണു ബഹളം കെട്ടടങ്ങിയത്.
അന്യസംസ്ഥാന ലോട്ടറികളില്‍ നിന്നു സിപിഎമ്മിനു വര്‍ഷം 150 കോടി രൂപ വരെ കിട്ടുന്നുണ്ടെന്നു വിവരിച്ചു വി.ഡി. സതീശന് കഴിഞ്ഞ ദിവസം സ്പീക്കര്‍ക്ക് എഴുതി നല്കിയ ആരോപണത്തിന്റെ അലയൊലികള്‍ രണ്ടാം ദിവസവും സഭയില്‍ ചൂടു പടര്‍ത്തി. ഇതിന്റെ പേരിലുള്ള വാദപ്രതിവാദങ്ങള്‍ക്കിടയിലാണു രേഖയില്‍ ഉള്‍പ്പെടുത്താന്‍ പറ്റാത്ത പരാമര്‍ശങ്ങള്‍ ഉണ്ടായത്.
സതീശന് ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സാധ്യമല്ലെന്നു കഴിഞ്ഞ ദിവസം സഭയില്‍ പറഞ്ഞ തോമസ് ഐസക് പുറത്തു പത്രസമ്മേളനം നടത്തി ഉദ്യോഗസ്ഥ തലത്തില്‍ നടന്ന അഴിമതി അന്വേഷിക്കുമെന്നു പ്രഖ്യാപിച്ചത് എന്തടിസ്ഥാനത്തിലാണെന്ന ചോദ്യത്തോടെയാണ് ഉമ്മന്‍ ചാണ്ടി വിഷയം വീണ്ടും എടുത്തിട്ടത്. ഉദ്യോഗസ്ഥരെ ബലിയാടുകളാക്കി രക്ഷപ്പെടാനാണു മന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അങ്ങയെപ്പോലൊരാള്‍ തറപ്രവര്‍ത്തനത്തിനു പോകുന്നതു ശരിയല്ലെന്നുമറുപടിക്കിടെ തോമസ് ഐസക് പറഞ്ഞതോടെ ’തറ പ്രയോഗം പിന്‍വലിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളം വച്ചു.
അടിസ്ഥാനരഹിതമായ അഴിമതി ആരോപണം ഉന്നയിക്കുന്നതു തറ പ്രവര്‍ത്തനമാണെന്നും തറയെന്നാല്‍ നിലവാരമില്ലാത്തതാണെന്നും പ്രയോഗം പിന്‍വലിക്കാന്‍ മനസ്സില്ലെന്നും തോമസ് ഐസക് പറഞ്ഞു. ഒാരോരുത്തര്‍ ഉപയോഗിക്കുന്ന ഭാഷ അവരവര്‍ക്കു ചേരുന്നതാണെന്ന് ഉമ്മന്‍ ചാണ്ടി തിരിച്ചടിച്ചു. നിലവാരമില്ലാത്തത് ആര്‍ക്കാണെന്നും സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നു ദേശാഭിമാനിക്കു രണ്ടു കോടി രൂപ വാങ്ങിയതും തിരിച്ചുകൊടുത്തതും എങ്ങനെയെന്നും പാര്‍ട്ടിക്കാര്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷാംഗങ്ങള്‍ ബഹളം തുടര്‍ന്നതോടെ ’തറ പ്രയോഗം രേഖയില്‍ ഉണ്ടാവില്ലെന്നു സ്പീക്കര്‍ റൂളിങ് നല്കി. സ്പീക്കര്‍ റൂളിങ് നല്കി നീക്കിയ ’തറ പ്രയോഗം കെ.ടി. ജലീല്‍ ചര്‍ച്ചയ്ക്കിടെ വീണ്ടും ഉന്നയിച്ചു. തറ പ്രവര്‍ത്തനം നടത്തിയാല്‍ പറ പ്രവര്‍ത്തനമെന്നു പറയാന്‍ പറ്റുമോ എന്നായിരുന്നു ജലീലിന്റെ ചോദ്യം. ജലീല്‍ പറഞ്ഞതും രേഖയില്‍ ഉണ്ടാവില്ലെന്നു സ്പീക്കര്‍ വ്യക്തമാക്കി. ലോട്ടറി ആരോപണങ്ങള്‍ക്കു മന്ത്രി തോമസ് ഐസക് മറുപടി പറയുന്നതിനിടെ പി. ജയരാജന്റെ പേരു വിളിച്ച് നിങ്ങളൊക്കെ കൂടിയാണു കാശു വാങ്ങിയതെന്നും അതുകൊണ്ടാണു മറുപടി പറയാന്‍ മന്ത്രി പ്രയാസപ്പെടേണ്ടി വരുന്നതെന്നും വി.ഡി. സതീശന് പറഞ്ഞു.
ഇതു പിന്‍വലിക്കണമെന്ന ആവശ്യവുമായി ഭരണപക്ഷം ബഹളം വച്ചു. ദേശാഭിമാനി രണ്ടു കോടി രൂപയുടെ ബോണ്ട് വാങ്ങിയ കാര്യമാണ് താന്‍ ഉദ്ദേശിച്ചതെന്നു സതീശന് വ്യക്തമാക്കി. ഭരണപക്ഷം ബഹളം തുടര്‍ന്നതോടെ പരാമര്‍ശം പരിശോധിച്ചു രേഖയില്‍ നിന്നു നീക്കം ചെയ്യാമെന്നു സ്പീക്കര്‍ റൂളിങ് നല്‍കുകയായിരുന്നു. ഇതേസമയം മന്ത്രി തോമസ് ഐസക് പത്രസമ്മേളനത്തില്‍ ആരോപണങ്ങള്‍ വീണ്ടും നിഷേധിച്ചു.
ലോട്ടറി മാഫിയയ്ക്കു സഹായകമായ ചട്ടങ്ങളും നിയമങ്ങളും നിര്‍മിച്ച കേന്ദ്രസര്‍ക്കാരിനെ രക്ഷിക്കുന്നതിനു വേണ്ടിയാണു യുഡിഎഫ് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നു മന്ത്രി കുറ്റപ്പെടുത്തി. വസ്തുതകളും കോടതി വിധികളും മറ്റും വളച്ചൊടിച്ചു ഗുരുതരമായ ആരോപണത്തില്‍ നിന്നു രക്ഷപ്പെടാനാണു മന്ത്രി തോമസ് ഐസക്കിന്റെ ശ്രമമെന്നു വി.ഡി. സതീശനും ആരോപിച്ചു.
Subscribe to:
Comments (Atom)
