Thursday, August 19, 2010

അന്യസംസ്ഥാന ലോട്ടറി: നിരോധിക്കണമെങ്കില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും അതാവാം



തിരുവനന്തപുരം : കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ വിചാരിച്ചാലും, സി.പി.എം നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ വിചാരിച്ചാലും നിയമവിരുദ്ധമായി നടത്തുന്ന അന്യസംസ്ഥാന ലോട്ടറികള്‍ നിരോധിക്കാനാവും. കേന്ദ്രമാണോ സംസ്ഥാനമാണോ അന്യസംസ്ഥാന ലോട്ടറികളെ തടയേണ്ടതെന്ന തര്‍ക്കം പരസ്പരം പഴിചാരി നടപടി ഒഴിവാക്കാനാണെന്നാണ് നിഗമനം.

അന്യസംസ്ഥാന ലോട്ടറികള്‍ നിരോധിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് 1998ലെ ലോട്ടറീസ് റഗുലേഷന്‍ ആക്ടില്‍ വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍, ഇതേ നിയമംതന്നെ നിയമവിരുദ്ധമായി ലോട്ടറി നടത്തുന്നതും വില്‍ക്കുന്നതും വാങ്ങുന്നതും ജാമ്യമില്ലാത്ത ക്രിമിനല്‍ കുറ്റമായി കണ്ട് നടപടി എടുക്കുന്നതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കും നല്‍കിയിട്ടുണ്ട്.

കേന്ദ്ര ലോട്ടറിനിയമപ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കേ ലോട്ടറി നടത്താന്‍ അധികാരമുള്ളൂ. അതുതന്നെ ചില നിബന്ധനകള്‍ക്ക് വിധേയമാണെന്ന് ഈ നിയമത്തിലെ നാലാം വകുപ്പില്‍ വിശദീകരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍തന്നെ ലോട്ടറി ടിക്കറ്റുകള്‍ അച്ചടിക്കണം, നറുക്കെടുപ്പ് സംസ്ഥാന സര്‍ക്കാരുകള്‍ നേരിട്ട് അതത് സംസ്ഥാനത്തുവച്ചുതന്നെ നടത്തണം, ടിക്കറ്റുകളുടെ വിറ്റുവരവ് അതത് ദിവസം സംസ്ഥാന ഖജനാവില്‍(ട്രഷറി) അടയ്ക്കണം, സമ്മാനം നല്‍കേണ്ടത് ഖജനാവില്‍നിന്നാവണം, ഒറ്റ നമ്പര്‍ ലോട്ടറി പാടില്ല എന്നിവ ആ നിബന്ധനകളില്‍ ഉള്‍പ്പെടുന്നു.

ഏതെങ്കിലും ഒരു സംസ്ഥാനത്തിന് വേണമെങ്കില്‍ മറ്റ് സംസ്ഥാനങ്ങളുടെ ലോട്ടറികള്‍ നിരോധിക്കാമെന്ന് അഞ്ചാം വകുപ്പില്‍ പറയുന്നുണ്ട്. എന്നാല്‍, സ്വന്തം ലോട്ടറി നടത്തുന്നവര്‍ക്ക് മറ്റ് സംസ്ഥാന ലോട്ടറികള്‍ നിരോധിക്കാനാവില്ല എന്ന് ഒരു കേസില്‍ സുപ്രീംകോടതി വിധിച്ചതോടെ ആ വകുപ്പ് പ്രയോഗിക്കാനാവാതായി.

നാലാം വകുപ്പിലെ നിബന്ധനകള്‍ ഏതെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ലോട്ടറികള്‍ പാലിക്കുന്നില്ലെന്ന് കണ്ടാല്‍ ആറാം വകുപ്പ് പ്രകാരം അവയെ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ട്.
ഈ നിയമത്തിലെ എട്ടാം വകുപ്പിലാണ് നിയമവിരുദ്ധ ലോട്ടറി നടത്തുന്നതോ വില്‍ക്കുന്നതോ വാങ്ങുന്നതോ ജാമ്യമില്ലാത്ത ക്രിമിനല്‍ കുറ്റമെന്ന നിലയില്‍ നടപടി എടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുന്നത്. ഈ നിയമപ്രകാരം എടുത്ത കേസില്‍ തുടര്‍നടപടി സ്വീകരിക്കില്ലെന്ന് യു.ഡി.എഫ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ആ കേസില്‍ വിധിപറഞ്ഞപ്പോള്‍ നിയമവിരുദ്ധമായി ലോട്ടറി ടിക്കറ്റുകള്‍ വിതരണം ചെയ്യുന്നവരെ കേസെടുത്ത് അറസ്റ്റുചെയ്യാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അധികാരം സുപ്രീംകോടതിയും അംഗീകരിക്കുകയുണ്ടായി. കഴിഞ്ഞ നവംബറിലായിരുന്നു ഈ വിധി.

No comments:

Post a Comment

 

blogger templates | Make Money Online